Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

“വേശ്യയുടെ സഹോദരന്‍” ഇതാ നീ എനിക്ക് വേണ്ടി ചിലവാക്കി എന്ന് പറയുന്ന പണം. പലിശയും പലിശയുടെ പലിശയും ഒപ്പമുണ്ട്..മേലാല്‍..മേലാല്‍ എന്നെ കാണാനെന്നും പറഞ്ഞ് ഈ വീടിന്റെ പടി കടന്നു പോകരുത്

“ഇതാ നീ എനിക്ക് വേണ്ടി ചിലവാക്കി എന്ന് പറയുന്ന പണം. പലിശയും പലിശയുടെ പലിശയും ഒപ്പമുണ്ട്..മേലാല്‍..മേലാല്‍ എന്നെ കാണാനെന്നും പറഞ്ഞ് ഈ വീടിന്റെ പടി കടന്നു പോകരുത്”
ഒരു കെട്ടു നോട്ട് തൊട്ടു മുന്‍പില്‍ നിന്നിരുന്ന സഹോദരിയുടെ നേരെ വലിച്ചെറിഞ്ഞിട്ട്‌ ബാലകൃഷ്ണന്‍ വെറുപ്പോടെ ആക്രോശിച്ചു. പ്രസന്നയ്ക്ക് എന്തെങ്കിലും മറുപടി പറയാനുള്ള അവസരം നല്‍കാതെ അവന്‍ ആ കതക് ശക്തമായി അവള്‍ക്ക് നേരെ വലിച്ചടച്ചു.
അവന്‍ ഉള്ളിലേക്ക് പോയപ്പോള്‍ നിലത്ത് കിടക്കുന്ന പണപ്പൊതിയിലേക്ക് അവള്‍ ദയനീയമായി നോക്കി. പിന്നെ അത് കുനിഞ്ഞെടുത്ത് വരണ്ട കണ്ണുകളോടെ ഒരിക്കല്‍ക്കൂടി അടഞ്ഞു കിടന്ന കതകിലേക്ക് നോക്കിയ ശേഷം മെല്ലെ തിരിഞ്ഞു നടന്നു. ബാലകൃഷ്ണന്റെ മണിമാളികയുടെ ഗേറ്റിനു പുറത്ത് അവള്‍ ഇറങ്ങിയപ്പോള്‍ സെക്യൂരിറ്റി ഗേറ്റ് വലിച്ചടച്ചു. ഗേറ്റിന്റെ വശത്ത്‌ സ്വര്‍ണ്ണലിപികളില്‍ എഴുതിയിരുന്ന ഫലകത്തിലെ അക്ഷരങ്ങള്‍ അവള്‍ നിര്‍വൃതിയോടെ ഒരിക്കല്‍ക്കൂടി വായിച്ചു:
“ബാലകൃഷ്ണന്‍ നായര്‍; സബ് കലക്ടര്‍; ഐ എ എസ്”
ഒരിക്കലും നനയാത്ത തന്റെ വരണ്ട കണ്ണുകള്‍ വെറുതെ ഒന്ന് തുടച്ച ശേഷം പ്രസന്ന നടന്നു. കാലമെത്തും മുന്‍പേ വാര്‍ധക്യം കടന്നാക്രമണം നടത്തിത്തുടങ്ങിയ ദുര്‍ബലമായ, അവിടവിടെ ചുളിവുകള്‍ വീണുതുടങ്ങിയ ദേഹവുമായി ഇരുള്‍ പരന്നു തുടങ്ങിയ നാട്ടുപാതയിലൂടെ മുന്‍പോട്ടു നടക്കുമ്പോള്‍, അവളുടെ മനസ് സഞ്ചരിച്ചുകൊണ്ടിരുന്നത് പിന്നിലേക്കാണ്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ അമ്മയുടെ പരപുരുഷബന്ധം മനസിലാക്കി രഹസ്യമായി നാട്ടിലെത്തിയ ആ ദിവസം! തനിക്ക് അന്ന് വെറും പതിന്നാലു വയസും, അനുജന്‍ ബാലന് ഒമ്പത് വയസും മാത്രമാണ് പ്രായം. രാത്രി എപ്പോഴോ കേട്ട അലര്‍ച്ചയാണ്‌ തന്നെയും അവനെയും ഉണര്‍ത്തിയത്. എന്നും രാത്രി ഒപ്പം തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന അവനെ അമ്മ ഒരിക്കലും കൂടെ കിടത്തിയിരുന്നില്ല. പേടിച്ചരണ്ട് എഴുന്നേറ്റ് ഓടിച്ചെന്ന തങ്ങള്‍ കണ്ടത് ചോരയില്‍ കിടന്നു പിടയുന്ന അമ്മയെയും അമ്മയുടെ ജാരനേയും ആണ്. രക്തം ഒഴുകുന്ന കത്തിയുമായി രാക്ഷസഭാവം പൂണ്ടു നിന്ന അച്ഛന്‍ ആ കത്തിയുമായി ഭ്രാന്തനെപ്പോലെ തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ താന്‍ അനുജനെയും പിടിച്ചുവലിച്ച് ഓടി..എങ്ങോട്ടെന്നില്ലാതെ..

അച്ഛനെ കോടതി തൂക്കുമരണത്തിനു വിധിക്കുമ്പോള്‍ ഇരട്ടക്കൊലപാതകം നടന്ന ആ വീട്ടില്‍ താനും അനുജനും തനിച്ചായിരുന്നു. അമ്മയുടെ ജാരന്റെ ചില ബന്ധുക്കള്‍ അച്ഛന്റെ മരണത്തോടെ നിരന്തരം അവിടെ കയറിയിറങ്ങാന്‍ തുടങ്ങി. അവരുടെ കണ്ണുകള്‍ തന്റെ വളര്‍ച്ചയെത്തിയ ശരീരത്തില്‍ ആയിരുന്നു. അച്ഛന്‍ ചെയ്ത കൊലപാതകത്തിന് അവര്‍ ഇരയാക്കി മാറ്റിയത് തന്നെയാണ്. പതിനഞ്ചാം വയസില്‍ തന്റെ ശരീരം പിച്ചിച്ചീന്തപ്പെട്ടു. പരാതി പറയാന്‍ ചെന്ന സ്റ്റേഷനിലെ എസ് ഐ കാര്യങ്ങള്‍ അറിയാനെന്ന മട്ടില്‍ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് വിളിച്ചു വരുത്തി തന്നെ വീണ്ടും നശിപ്പിച്ചു. പുറം ലോകമറിഞ്ഞാല്‍ കൊന്നുകളയും എന്ന ഭീഷണി പീഡിപ്പിച്ച സകലരില്‍ നിന്നും നേരിട്ടപ്പോള്‍, സഹായത്തിന് ആരുമില്ലാതെ താന്‍ എത്രയോ രാവുകളില്‍ ഉറക്കം വരാതെ കിടന്നു തേങ്ങിയിരിക്കുന്നു!
ചോദിക്കാനും പറയാനും ആരുമില്ലാത്ത തങ്ങളെ കഴുകന്മാരെപ്പോലെ കൊത്തിക്കീറാന്‍ വന്നവരില്‍ നിന്നൊക്കെ തന്റെ കുഞ്ഞനുജനെ താന്‍ സ്വന്തം മാനം ഉപേക്ഷിച്ചും പരിരക്ഷിച്ചു. ഭോഗസുഖത്തിന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആസക്തിയോടെ രാവുകളില്‍ ഒളിച്ചും പതുങ്ങിയും വന്നവരില്‍ നിന്നും തന്റെ അനുജനെ കോഴി സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെയാണ് താന്‍ സംരക്ഷിച്ചത്. അവനെ തൊടാന്‍ ഒരുവനെയും താന്‍ അനുവദിച്ചില്ല. അവനെ സംരക്ഷിക്കാനുള്ള വ്യഗ്രത മൂലമാണ് എന്ന് തോന്നുന്നു, മനസില്‍ നിന്നും അവരോടുള്ള ഭയം മെല്ലെമെല്ലെ മാറി പകരം പക കലര്‍ന്ന ഒരുതരം അവജ്ഞ സ്ഥാനം പിടിച്ചത് താനറിഞ്ഞു. ശരീരം ആവശ്യപ്പെട്ടു വരുന്നവരോട് പണം ചോദിച്ചു വാങ്ങാന്‍ തനിക്ക് എങ്ങനെ പ്രേരണ ഉണ്ടായി എന്ന് ഇന്നും അറിയില്ല. അനുജനെ ഈ മാലിന്യത്തില്‍ നിന്നും രക്ഷിക്കണം എന്ന ചിന്തയായിരുന്നോ അതിന്റെ പിന്നിലെന്നും അറിഞ്ഞുകൂടാ.
അവനെ വീട്ടില്‍ നിന്നും ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചതും അവന്റെ ജീവിതം നശിച്ചു പോകാതിരിക്കാന്‍ വേണ്ടി ആയിരുന്നു. വലിയ ഒരു ദുരന്തം നേരില്‍ കണ്ട അവന്‍ അതൊക്കെ മറന്നു, മലിനപ്പെടാതെ പഠിച്ചു ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തണം എന്ന് താന്‍ മോഹിച്ചു. തനിക്കിനി ഒരു ജീവിതമില്ല. ചെളിക്കുണ്ടില്‍ വീണുപോയിരിക്കുകയാണ് താന്‍. ഈ ചെളിക്കുണ്ടിലെ വളത്തില്‍ നിന്നും അവനൊരു പൊന്‍ താമരയായി വിടരണം എന്ന ആഗ്രഹം മാത്രം മനസ്സില്‍ ശക്തമായി സ്ഥാനം പിടിച്ചു. അവനുവേണ്ടി ജീവിക്കുക എന്ന ലക്‌ഷ്യം മനസ്സില്‍ വേരുറപ്പിച്ചപ്പോള്‍ ജീവിതത്തിന് പുതിയ ഒരു അര്‍ഥം കൈവന്നതായി തോന്നി. ഇളം പ്രായത്തില്‍ പിച്ചിച്ചീന്തപ്പെട്ട തന്റെ ശരീരത്തിന് പ്രത്യേകിച്ച് യാതൊരു വിലയും മനസ്സില്‍ തോന്നാഞ്ഞത് കൊണ്ട്, കീശയില്‍ പണവുമായി വരുന്ന എല്ലാവര്‍ക്കും താനത് നല്‍കി.

വളരെ ദൂരെ, നഗരത്തില്‍ ജീവിച്ചിരുന്ന സഹോദരന് താന്‍ എങ്ങനെ ജീവിക്കുന്നു എന്നോ, എങ്ങനെ അവനെ പഠിപ്പിക്കാന്‍ പണം കണ്ടെത്തുന്നു എന്നോ അ റിയില്ലായിരുന്നു. അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ടിരുന്ന താന്‍ അവനെ അങ്ങോട്ട്‌ ചെന്ന് കാണുകയല്ലാതെ ഒരിക്കലും ഇങ്ങോട്ട് വരാന്‍ സമ്മതിച്ചിരുന്നില്ല. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന തനിക്ക് സ്ഥിരമായി നില്ക്കാന്‍ ഒരു വീടില്ല എന്നാണ് അവനോട് അതെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നത്.
പഠിച്ച് ഐ എ സ് പാസായ അവന്റെ ആദ്യനിയമനം തന്റെ നിര്‍ഭാഗ്യത്തിന് സ്വന്തം നാട്ടില്‍ത്തന്നെ ആയിപ്പോയി. സബ് കലക്ടര്‍ ആയി ചുമതലയെടുത്ത അവന്റെ കാതില്‍ തന്നെക്കുറിച്ച് ഉള്ള വിവരങ്ങള്‍ മെല്ലെമെല്ലെ എത്തിത്തുടങ്ങിയത് താന്‍ അറിഞ്ഞില്ല. അതൊന്നും കള്ളമല്ല എന്ന് മനസിലാക്കിയ അവന്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം വീട്ടിലെത്തി തന്നെ അധിക്ഷേപിച്ചിട്ട്, ഇനി മേലാല്‍ താനുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്ന് നിര്‍ദ്ദയം പറഞ്ഞപ്പോള്‍, കുറെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ കരഞ്ഞു. പണ്ടെങ്ങോ വറ്റിപ്പോയിരുന്ന കണ്ണീര്‍ മടവെട്ടിവിട്ട വെള്ളം പോലെയാണ് അന്ന് പ്രവഹിച്ചത്. അനുജന്‍ പഠിച്ച് ജോലി നേടിയാല്‍, ഈ മലീമസമായ തൊഴില്‍ നിര്‍ത്തി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണം എന്ന തന്റെ ആഗ്രഹമാണ് അവിടെ പൊലിഞ്ഞുപോയത്.

ഉപ്പും മുളകും സീരിയലിലെ നായികയുടെ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

അവന്‍ വിവാഹം ചെയ്തത് ഒരാഴ്ച മുന്‍പാണ്. ആ വിവരം താന്‍ അറിയുന്നതും മറ്റുള്ളവരിലൂടെ ആണ്. എത്ര നിയന്ത്രിച്ചിട്ടും അവന്റെ പെണ്ണിനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം തനിക്ക് അടക്കാന്‍ കഴിഞ്ഞില്ല. അതിനുവേണ്ടി മാത്രമാണ് ഇന്ന് സാരിത്തലപ്പുകൊണ്ട് മുഖം മറച്ച്, അവന് അപമാനം ഉണ്ടാകാത്ത വിധത്തില്‍ സന്ധ്യാനേരം നോക്കി അവിടെ താന്‍ ചെന്നത്.
പ്രസന്ന പണം ഇറുകെ പിടിച്ചുകൊണ്ട് നടന്നു. അവളുടെ മനസ്സില്‍ ദുഃഖം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ദുഖവും മൃദു വികാരങ്ങളും അവളെ എന്നേ ഉപേക്ഷിച്ചു പോയവയാണ്.
അവനെറിഞ്ഞു തന്ന ഈ പണം താന്‍ നിലത്തുനിന്നും എടുത്തത് തന്നോടുള്ള കടപ്പാട് ഒരു ഭാരമായി ഇനിയും അവന്‍ ചുമക്കണ്ട എന്ന് കരുതി മാത്രമല്ല, ഈ പണം തനിക്ക് ആവശ്യമുള്ളതുകൊണ്ട് കൂടിയാണ്. ഈ പണം തന്റെ മരണസമയത്ത് മാത്രം താന്‍ ഉപയോഗിക്കും..അനുജന്റെ ചിലവില്‍ ജീവിക്കാന്‍ യോഗമില്ലാത്ത തനിക്ക്, അവന്റെ ചിലവില്‍ മരണകര്‍മ്മങ്ങള്‍ എങ്കിലും നടത്താന്‍ കഴിയുമല്ലോ….ഈ പണത്തിന്റെ ബന്ധം മാത്രമേ തനിക്ക് അവനുമായി ഉള്ളൂ എന്നവന്‍ കരുതുന്നു. അതുകൊണ്ട് പലിശസഹിതം അവനത് തിരിച്ചു തന്നിരിക്കുന്നു. പക്ഷെ അവനറിയുന്നില്ല..തന്റെ നേരെ എറിഞ്ഞു തന്ന ഈ പണം അവന്‍ ഉണ്ടാക്കിയത് സ്വജീവിതം തുലച്ചുകൊണ്ട് താന്‍ അവന് നല്‍കിയ ജീവിതത്തില്‍ നിന്നുമാണെന്നുള്ള സത്യം…
അവന്‍ ജീവിക്കട്ടെ..

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ആ പരസ്യത്തിലെ പെണ്‍കുട്ടിയെ ഇപ്പോള്‍ കാണണം ഞെട്ടും

You may also like...

Leave a Reply

Your email address will not be published. Required fields are marked *