Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ബുള്ളറ്റ് – പിന്നീടെപ്പഴോ അഭിയേട്ടന്റെ ആ ബുള്ളറ്റ് രാജകുമാരനെ മാത്രം ഞാൻ ശ്രദ്ധിച്ചിരുന്നു… എന്തോ അവനോടൊരിഷ്ടം

അവധി ദിവസങ്ങളിൽ മിക്കവാറും ഏട്ടനെ കൂട്ടി പുറത്തു പോകാൻ അപ്പുവിന്റെ ചേട്ടൻ അഭിജിത്ത് വീട്ടിൽ വരുമായിരുന്നു.. അഭിയേട്ടനും ഏട്ടനും ഒരേ ബാച്ചിൽ പഠിച്ച കൂട്ടുകാരാണ്..അഭിയേട്ടൻ ബാംഗ്ലൂർ ഒരു ഐ.റ്റി കമ്പനിയിൽ വർക്ക്‌ ചെയ്യുകയാണ്.. ലീവിന് നാട്ടിൽ വരുമ്പോൾ മിക്കവാറും തന്റെ പെറ്റായ ബുള്ളറ്റുമായി വീട്ടിൽ വരാറുണ്ട്.

ആദ്യമൊന്നും ഞാൻ രണ്ടാളെയും ശ്രദ്ധിച്ചിരുന്നില്ല.. പിന്നീടെപ്പഴോ അഭിയേട്ടന്റെ ആ ബുള്ളറ്റ് രാജകുമാരനെ മാത്രം ഞാൻ ശ്രദ്ധിച്ചിരുന്നു.എന്തോ അവനോടൊരിഷ്ടം എനിക്കും തോന്നിത്തുടങ്ങി..അപ്പു എന്ന് വിളിക്കുന്ന അപർണ്ണ കോളേജിലെ എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. ഇടവേളകളിൽ അവളുടെ ചേട്ടന്റെ ബുള്ളറ്റ് വിശേഷങ്ങൾ കേൾക്കാൻ ഞാൻ അവൾക്കരികിൽ എത്തുമായിരുന്നു.

എന്നും ബുള്ളറ്റിനെ കുളിപ്പിക്കാനെന്നും പറഞ്ഞ് മണിക്കൂറുകളോളം മോട്ടർ അടിച്ചു വെള്ളം പാഴാക്കുന്നതിന് അച്ഛന്റെ വായീന്ന് അഭിയേട്ടനെന്നും ചീത്ത കേൾക്കുമായിരുന്നുവെങ്കിലും രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തി അടുത്ത് കിടക്കുന്ന അമ്മ അറിയാതെ അവളെയും വിളിച്ചുണർത്തി രണ്ടാളും കലാപരിപാടിക്ക് തുടക്കം കുറിക്കുമായിരുന്നു.

പൊന്നാങ്ങളയുടെ എല്ലാ തല്ലുകൊള്ളിത്തരത്തിനും അവളെന്നും കൂട്ട് നിൽക്കുമായിരുന്നു.
ഒരിക്കൽ രണ്ടാളെയും കയ്യോടെ പിടികൂടി അമ്മ അച്ഛനെ ഏൽപ്പിച്ചു.. പിറ്റേന്ന് രണ്ടാൾക്കും ശിക്ഷ നടപ്പാക്കി.. എന്നെക്കൊണ്ടമ്മ (അവളെ) അടുക്കളപണി മുഴുവൻ ചെയ്യിപ്പിച്ചു, ഒപ്പം ഏട്ടനുള്ള ശിക്ഷ അച്ഛന്റെ വക തൊടിയിലെ വാഴക്കൂട്ടങ്ങൾക്ക് വെള്ളം നനയ്ക്കലായിരുന്നു.. അത് പക്ഷെ മോട്ടർ അടിച്ചായിരുന്നില്ല മറിച്ചു കിണറ്റിൽ നിന്നും വെള്ളം കോരിത്തന്നെയാവണമെന്ന് അച്ഛൻ പറയുന്നത് കേട്ട് ഞാനൊന്നറിയാതെ ചിരിച്ചു.

അതുകണ്ടിട്ടാവണം ഏട്ടന്റെ വക ദഹിപ്പിക്കുന്ന നോട്ടം കിട്ടിയപ്പോൾ പതിയെ ഞാൻ അവിടുന്ന് എസ്‌കേപ്പ് ആയി. അച്ഛന്റെ വീതം കിട്ടിയ ഭൂമിയിൽ കാൽഭാഗം വാഴക്കൃഷി ആയിരുന്നു. ബാക്കി ഭാഗത്ത്‌ ചീര, പയർ, പാവൽ, തുടങ്ങി അത്യാവശ്യം വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്തിരുന്നു ഞങ്ങൾ. ഉപയോഗിക്കുന്ന എന്ത് സാധനമായിക്കൊള്ളട്ടെ അത് ആവശ്യത്തിനുമാത്രം എന്നതായിരുന്നു അച്ഛന്റെ കണക്ക്. ചുരുക്കി പറഞ്ഞാൽ ഒരു കുഞ്ഞു പിശുക്കൻ തന്നെ.

ഈ അച്ഛനെന്തൊരു പിശുക്കനാ അമ്മേ എന്നു ഞാൻ പറയുമ്പോൾ ഒരു കള്ളച്ചിരിയോടെ അമ്മയുടെ കയ്യിൽ നിന്നും കവിളിലൊരു നുള്ള് എനിക്ക് പതിവായിരുന്നു. നാലു ദിവസം അടുപ്പിച്ചു ലീവ് കിട്ടിയാൽ അഭിയേട്ടൻ നാട്ടിലെത്തുമായിരുന്നു തന്റെ പ്രിയപ്പെട്ട ബുള്ളറ്റിനെ താലോലിക്കാൻ.. ആ ദിവസങ്ങളിലൊക്കെയും അതുമെടുത്തു സവാരിക്കിറങ്ങുമായിരുന്നു ഒപ്പം അവളെയും കൂട്ടി.

ഏട്ടന്റെ ബുള്ളറ്റിന്റെ പിന്നിൽ ഇരുന്നു നാടു ചുറ്റുന്ന രസം അതൊന്നു വേറെ തന്നെയാ മോളെ എന്നവൾ പറയുമ്പോൾ മനസ് പലപ്പോഴായി വിങ്ങുന്നത് ഞാനറിയാതെ അവളറിയുന്നുണ്ടായിരുന്നു.കഥ കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല.

കലാലയ മുറ്റത്തെ ആൽമരത്തിന്റെ ചുവട്ടിലാണ് ഞങ്ങൾ മിക്കവാറും കൂടാറുള്ളത്.. ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇരുവരും അവരവരുടെ ക്ലാസ്സുകളിലേക് മടങ്ങി.. പിറ്റേന്ന് കോളേജിൽ ഫെസ്റ്റിവൽ നടക്കുന്നതിനാലാവണം അവൾ താമസിച്ചായിരുന്നു എത്തിയത്. പക്ഷേ, ആ വരവിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.

പൊന്നാങ്ങളയുടെ ബുള്ളറ്റുമെടുത്തു ഒരു കൂളിംഗ് ഗ്ലാസ്സും വെച്ചുള്ള അവളുടെ ആ വരവ് കാണാൻ നല്ല രസമായിരുന്നു.. ഫെസ്റ്റിവൽ ആയിരുന്നതിനാൽ തന്നെയും അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം പ്രിസിപ്പാളിനോട് ഹോസ്പിറ്റലിൽ പോകണമെന്ന് കളവ് പറഞ്ഞ് അവളെന്നേയും കൂട്ടി കോളേജിൽ നിന്നും ചാടി.. അവിടെ നിന്നും നേരെ അവൾ എന്നെയും കൂട്ടി പോയത് അടുത്തുള്ള ഡ്രൈവിങ് ബീച്ചിലേക്കായിരുന്നു

അവളെന്റെ ആത്മമിത്രം ആയതിനാലാവാം എന്നിൽ മൊട്ടിട്ട ആദ്യ പ്രണയം സാക്ഷാത്കരിക്കാൻ ബുള്ളറ്റ് ഓടിക്കണം എന്നുള്ള എന്റെ ആഗ്രഹം മനസ്സിലാക്കി രണ്ടേട്ടന്മാരേയും കൂട്ട് പിടിച്ചു എനിക്കായി അവിടൊരു സർപ്രൈസ് ഒരുക്കിയത്. ആദ്യം കാര്യമൊന്നും മനസ്സിലാവാതെ ഞാനവൾക്ക് പിന്നാലെ നടന്നു.അപ്പളും കാര്യമെന്തെന്നറിയാതെ കൈവിരലും കടിച്ചു നെറ്റി ചുളിച്ചു ഞാനൊന്ന് അപ്പൂനെ നോക്കിയെങ്കിലും അവൾ ഒരു കള്ളചിരിയായിരുന്നു എനിക്ക് സമ്മാനിച്ചത്.

അപ്പോൾ ദേ വരുന്നു ഞങ്ങൾക്കിടയിലെ മൗനത്തെ ബേധിച്ചുകൊണ്ട് ഇരുവശത്തു നിന്നും രണ്ടു ബുള്ളറ്റ് രാജകുമാരന്മാർ, അവരിൽ എനിക്ക് മുന്നിലായി വന്ന രാജകുമാരനെ കണ്ട് ഞാനൊന്നു ഞെട്ടി കാരണം അതെന്റെ ഏട്ടനായിരുന്നു.. ആ കാഴ്ച കണ്ട എന്റെ കണ്ണുകളെ പെട്ടെന്നെനിക് വിശ്വസിക്കാനായില്ല.

നാലഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ അയല്പക്കത്തെ വീട്ടിലേ കുട്ടികൾ സൈക്കിൾ ഓടിക്കുന്നത് കണ്ടു സൈക്കിൾ വേണമെന്ന് വാശി പിടിച്ചു കരഞ്ഞപ്പോൾ വലിയ കുട്ടികളാണ് സൈക്കിൾ ഓടിക്യ, ഏട്ടന്റെ കുട്ടി വലുതാകുമ്പോൾ ഏട്ടൻ മോൾക്ക്‌ വാങ്ങിത്തരാട്ടോ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും, എനിക്കും ഏട്ടനും ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം കുട്ടിക്കാലത്ത് ലഭിച്ചിരുന്നില്ല.

അച്ഛനെക്കൊണ്ട് അതിനുള്ള വക ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശെരി.. ഓടിട്ട രണ്ടുമുറി വീടിനുള്ളിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്.. ഒരിക്കെ പോലും അഭിയേട്ടന്റെ രാജകുമാരനെ ഒന്ന് ഓടിച്ചു നോക്കാൻ പലപ്പോഴായി പറയുമ്പോളും ഏട്ടൻ ഓരോരോ ഒഴിവുകൾ പറയുമായിരുന്നു.. ഒരു വർഷം മുൻപാണ് ഏട്ടൻ റെയിൽവേയിൽ ജോലിക്ക് കയറിയത്.. പതിയെ പതിയെ വീട്ടിലേ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറിത്തുടങ്ങിയത് ഏട്ടൻ വഴിയാണ്.

ഇന്നെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഏട്ടനെ തന്നെ നോക്കി നിൽക്കെ സന്തോഷമെന്നോ സങ്കടമെന്നോ അറിയില്ല, ഒരു നേർത്ത ചിരിയോടെ എന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ വീണു.
അപ്പു പറഞ്ഞ വിശേഷങ്ങൾ ഒന്നുപോലും വിടാതെ ഞാൻ എന്നും ഏട്ടനോട് പങ്ക് വെക്കുമായിരുന്നു.. അത് കേട്ടിട്ടാവണം എന്നിൽ ആദ്യമായുണ്ടായ സൈക്കിൾ എന്ന ആഗ്രഹം സാധിച്ചു തരാൻ കഴിയാത്തതിന്റെ കടം തീർത്തതാവാം ഈ സുന്ദരൻ ബുള്ളറ്റിൽ.

ഏട്ടനോട് ചേർന്നു ഞാനാ ബുള്ളറ്റിന്റെ പിറകിലിരുന്നു യാത്ര ചെയ്യുമ്പോൾ എന്റെ മനസ്സിലാദ്യം ഓർമ്മ വന്നത് ക്ലാസ്സിൽ ഒപ്പം പഠിക്കുന്ന ചാരുവിനെയാണ് ഗമയോടെയവൾ പറയുമായിരുന്നു എന്റെ കാമുകന് ബുള്ളറ്റ് ഉണ്ടെന്ന്..പലപ്പോഴും അവളതിന്റെ പിറകിലിരുന്നെന്നെ കൊഞ്ഞനം കുത്താറുമുണ്ട്. ഏട്ടനെ വട്ടം കെട്ടിപ്പിടിച്ചിരിക്കുമ്പോഴും മനസ്സിൽ ഒരേ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു വഴിയരികിൽ അവളെ കാണണം എന്നിട്ട് തിരിച്ചൊന്നു കൊഞ്ഞനം കുത്തണം.. എന്നിട്ടവളോടെനിക്ക് വിളിച്ചു പറയണം നിന്റെ കാമുകന്റെ കയ്യിൽ മാത്രമല്ലെടീ എന്റെ ഏട്ടന്റെയിലും ഉണ്ട് ബുള്ളറ്റ് എന്ന്…

 

രചന : #AmMu_Malu_AmmaLu

You may also like...

Leave a Reply

Your email address will not be published. Required fields are marked *