Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

അവിഹിത സംഭവങ്ങളിലെ നായികമാരായി പ്രവാസികളുടെ ഭാര്യമാർ വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇതാണ്

കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു ദൃശ്യം, മലബാറിലെ ഒരു യുവതിയുടെത്. രണ്ട് മക്കളുടെ മാതാവ്. രാത്രിയില്‍ അവരുടെ വീടിനു മുന്നില്‍ നിറയെ ആളുകള്‍. ഒരു യുവാവ് ചുമരില്‍ തല അമര്‍ത്തിവെച്ച് പൊട്ടിക്കരയുന്നു. യുവതിയുടെ സഹോദരനാകണം. പോലീസ് ഉദ്യോഗസ്ഥന്‍ അകത്തേക്കു കയറി. അല്‍പ്പം കഴിഞ്ഞ് യുവതിയെയും കൊണ്ട് പുറത്തിറങ്ങി. കൂടെ കാവി മുണ്ടുടുത്ത ഒരു യുവാവും രണ്ട് കുട്ടികളും. ചെറിയ കുഞ്ഞിനെ യുവതി എടുത്തിരിക്കുന്നു. നടന്നു വന്ന പെണ്‍കുട്ടിക്ക് ഏഴോ എട്ടോ വയസ്സ്. ജനത്തിന്റെ കൂവലും ബഹളവും ഉച്ചത്തിലായി. പ്രതികള്‍ മുഖമുയര്‍ത്താതെ പോലീസ് ജീപ്പിലേക്ക്. പെണ്‍കുട്ടിയുടെ മുഖഭാവത്തില്‍ നിസ്സഹായത നിഴലിച്ചു. എങ്കിലും ആ പെണ്‍കുട്ടി വാവിട്ടു കരയാതിരുന്നത് അതിശയിപ്പിച്ചു.

അറപ്പ് തോന്നുന്ന സംഭവ കഥകളിലെ നായികമാരായി പ്രവാസി മലയാളികളുടെ ഭാര്യമാര്‍ വര്‍ധിച്ചു വരുന്നു. വീടകം ഭേദിക്കുന്ന അവിഹിത ലൈംഗിക ബന്ധങ്ങളുടെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികളാണ് വാര്‍ത്തകളിലെ കഥകള്‍. കടലുകള്‍ക്കിക്കരെ പണിയെടുത്തു സ്വപ്‌നങ്ങള്‍ കറന്‍സികളാക്കി അടുക്കി വെച്ച് അവധിക്കാലം കാത്തിരിക്കുന്ന ഗള്‍ഫുകാരന്റെ മനസ്സകങ്ങള്‍ തീബോംബിട്ട് തകര്‍ത്താണ് പ്രവാസികളുടെ ചില പെണ്ണുങ്ങള്‍ വേലി ചാടിപ്പോകുന്നത്. ഈ പ്രവണത സര്‍വവ്യാപിയല്ല. പക്ഷേ വ്യാപ്തി വര്‍ധിച്ചു വരുന്നതായി പോലീസ് ഫയലുകള്‍ തെളിയിക്കുന്നു.

മകന്റെ കൂട്ടുകാരനായ പതിനാറുകാരനൊപ്പം ഒളിച്ചോടിപ്പോയ 37കാരിയുടെ വാര്‍ത്ത വന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മുതിര്‍ന്ന മക്കളെയും ഉപേക്ഷിച്ചാണ് ഈ സ്ത്രീ വിദ്യാര്‍ഥിക്കൊപ്പം സുഖവാസത്തിനു പുറപ്പെട്ടത്. ഈ നാണം കെട്ട പെണ്ണ് പ്രതിനിധാനം ചെയ്യുന്ന ഒരു സ്ത്രീപക്ഷം കേരളത്തില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. ഭര്‍ത്താക്കന്‍മാരെ എടി എമ്മുകളായി കരുതുന്നുണ്ടാകണം ഇവര്‍. ഈ പെണ്‍ ചീത്തത്തിനെതിരെ ഉണരേണ്ട പുരുഷ ബോധം പലപ്പോഴും ദുര്‍ബലപ്പെട്ട് നിസ്സഹായത പ്രകടപ്പിക്കുകയാണ്. ഫേസ്ബുക്കില്‍ പ്രണയിച്ചാണത്രെ ഈയടുത്ത് കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ കൈക്കുഞ്ഞുമായി കാമുകനെത്തേടി പാലക്കാട്ടുകാരി യുവതിയെത്തിയത്. പ്രായം ചെന്ന കാമുകനെ കണ്ട് അവള്‍ മോഹാലസ്യപ്പെട്ടു. വാര്‍ത്ത പത്രങ്ങളില്‍ വന്നു. ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വായനക്കാരുടെ ഉള്ളില്‍ ‘ഭര്‍ത്താവ് വിദേശത്തായിരിക്കും’ എന്ന സ്വയം നിര്‍ണയം ഉണ്ടാകുന്നിടത്തോളം വഷളായിരിക്കുന്നു ചുറ്റുപാട്.

പണ്ടത്തെപ്പോലെയല്ല, കാഴ്ചകളും കഥകളും നിമിഷങ്ങള്‍ കൊണ്ട് കടലുകളും കടന്നു പടരുന്നു. പത്രങ്ങളുടെ സ്പ്ലിറ്റ് എഡിഷനുകളെയും പ്രാദേശിക മാധ്യമങ്ങളുടെ സദാചാര, മൂല്യ നിലപാടുകളെയും മറി കടന്ന് സോഷ്യല്‍ മീഡിയകള്‍ സചിത്ര വിവരങ്ങള്‍ പുറത്തു വിടുന്നു. പ്രവാസി പുരുഷന്‍മാരുടെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തുകയാണ് ഇത്തരം വാര്‍ത്തകള്‍. ഭീതിയും ശങ്കകളും മുഴച്ച് അസ്വസ്ഥതകള്‍ ആസ്വാദനമാക്കേണ്ടി വരുന്ന ഒരു തരം രോഗം ബാധിച്ച മനോഭാവങ്ങളുടെ ഉടമകളായിക്കൊണ്ടിരിക്കുന്നു ഗള്‍ഫ് ആണുങ്ങള്‍. വിവാഹിതരായ പുരുഷന്‍മാരുടെ പിഴച്ച വാര്‍ത്തകളെച്ചൂണ്ടി ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ ഗുണദോഷിക്കുന്ന കാലമുണ്ടായിരുന്നു.

‘ഈ ആണുങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് അടക്കി പഴി പറയുമ്പോള്‍ മറുത്തു പറയാനാകാതെ നാണിച്ചു തല താഴ്ത്തുമായിരുന്നു അഭിമാനികളായ ഭര്‍ത്താക്കന്‍മാര്‍. ഇപ്പോള്‍ ആണുങ്ങള്‍ക്കു പെണ്ണുങ്ങളുടെ മേലാണ് സദാചാരപ്പേടി. കാമുകനൊപ്പം കഴിയുന്നതിനുള്ള സുരക്ഷിത വഴിയൊരുക്കുന്നതിനാണല്ലോ മലപ്പുറം തിരൂരിനു സമീപത്തെ വീട്ടമ്മ സ്വന്തം ഉദരത്തില്‍ പിറന്ന രണ്ട് കുട്ടികളെ കിണറ്റില്‍ തള്ളിയിട്ടു കൊന്നത്. മദ്‌റസയിലേക്കു പോകും വഴിയായിരുന്നു കൂടെപ്പോയ ആ പെണ്ണ് കുരുന്നുകളെ കിണറ്റിലേക്കുന്തിയിട്ടത്. കാമം ഭ്രാന്തായി തലക്കു പിടിക്കുമ്പോള്‍ വിചാരങ്ങള്‍ക്ക് കൊടും ഭ്രാന്ത് പിടിക്കുന്നുവെന്നാണ് ഈ സംഭവത്തിന്റെ ബാക്കി അറിയിക്കുന്നത്. ആസൂത്രിത കൃത്യത്തിന്റെ ചുരുള്‍ അഴിഞ്ഞതോടെ കൊലക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുകയാണിപ്പോള്‍ യുവതിയും കാമുകനും.

‘അവള്‍ക്ക് വേണ്ടായിരുന്നെങ്കില്‍ ഞാന്‍ നോക്കുമായിരുന്നല്ലോ ന്റെ കുട്ടികളെ’ എന്നു പറഞ്ഞ് പൊട്ടിക്കരയുന്ന വൃദ്ധന്റെ മുഖം ടെലിവിഷനില്‍ കണ്ടു. മക്കളെ കൊന്ന പെണ്ണിന്റെ ബാപ്പയായിരുന്നു അയാള്‍.ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയ ഗ്രാമ പഞ്ചായത്ത് അംഗമായ പെണ്ണിന്റെ കഥയിലും ഭര്‍ത്താവ് പ്രവാസിയായിരുന്നു. ദുഷിച്ച ഈ പെണ്ണുങ്ങള്‍ നാട്ടിലെ നല്ല പെണ്ണുങ്ങളുടെ മാനം കെടുത്തിയിരിക്കുന്നു. അവര്‍ ഇപ്പോള്‍ ഭര്‍ത്താക്കന്‍മാരുടെ സംശയത്തിന്റെ നിഴലിലാണ്. ‘ഒരു പെണ്ണിനെയും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന പ്രതിവര്‍ത്തമാനത്തിനു മുന്നില്‍ മാന്യരായ സ്ത്രീകള്‍ക്ക് തല കുനിച്ചു നില്‍ക്കേണ്ടി വരികയാണിപ്പോള്‍. കുടുംബത്തോടും സമൂഹത്തോടും സ്വന്തം മക്കളോടു പോലും സ്‌നേഹവും വിശ്വാസവും പുലര്‍ത്താന്‍ കഴിയാതെ, ജീവിതത്തെ രതിയോടു മാത്രം ചേര്‍ത്ത് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ പെണ്ണുങ്ങള്‍ ഏതുവിധം സ്ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു വിശദീകരിക്കാന്‍ പെണ്‍ പ്രസ്ഥാനങ്ങള്‍ക്കു ബാധ്യതയുണ്ട്.

എന്നുവെച്ചാല്‍, പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്ന, മാന്യമായ കുടുംബാവസ്ഥകളെയും കുട്ടികളുടെ ഭാവിയും തകര്‍ത്ത് കാമവെറിയുടെ തീപ്പന്തവുമായി ഇറങ്ങിയോടുന്ന പെണ്ണുങ്ങള്‍, സ്ത്രീകളാല്‍ സംബോധന ചെയ്യപ്പെടാത്തതെന്താണ്? സത്രീ ശാക്തീകരിക്കപ്പെടുകയും പുരുഷമേധാവിത്വത്തിന്റെ തടവറകളില്‍ നിന്നു മുക്തരാകുകയും വേണമെന്നു പറയുന്നതിലെ ആര്‍ജവവും ആത്മാര്‍ഥതയും അപഥസഞ്ചാരം നടത്തുന്ന സ്ത്രീകളെ അഭിമുഖീകരിക്കുന്നതിലും ഉണ്ടാകേണ്ടതുണ്ടെന്ന് തോന്നുന്നു.

വാര്‍ത്തകളില്‍ ആശങ്കപ്പെട്ടു കഴിയുകയും ആധി പൂണ്ട് ഭാര്യമാര്‍ക്കു ഇന്റര്‍നെറ്റില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാസി പുരുഷന്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. സാമൂഹികവും കുടുംബപരവുമായ അന്തസ്സും അഭിമാനവും തകര്‍ക്കുന്ന പെണ്ണോട്ടക്കഥകളില്‍ ദുര്‍ബലരാക്കപ്പെടുന്ന പുരുഷന്‍മാരും സംബോധന ചെയ്യപ്പെടേണ്ടവരാണ്. കേരളത്തില്‍ മാറുന്ന സാമൂഹികാവസ്ഥകളിലെ ഈ സ്ത്രീയും പുരുഷനും ഒരു പ്രതിസന്ധി തന്നെയാണ്. പുറത്തു വന്ന വാര്‍ത്തകളേക്കാള്‍ പുറത്തു വരാത്തവയാണ് നിരവധി. പൊട്ടിത്തെറിയുടെ ഓരത്തെത്തിയവയും വിവാഹമോചനം പോലുള്ള മുന്‍കരുതലുകളിലൂടെ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന വ്യഭിചാരങ്ങളുണ്ട്. പുറത്തു വരാത്ത അപഥ സഞ്ചാരങ്ങളില്‍ വഞ്ചിക്കപ്പെടുന്ന പുരുഷനും അവകാശങ്ങളുണ്ടല്ലോ.

വീടും വാഹനവും പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ഭര്‍ത്താവ് ഗള്‍ഫിലുള്ള പെണ്ണിന് സ്വാഭാവികമായും വേണ്ടത് ആണ്‍കൂട്ടാണ്. പെണ്‍മനസ്സറിയുന്ന പുരുഷന്‍മാര്‍ ചുറ്റുവട്ടത്തുണ്ടാകുമ്പോള്‍ കഥകള്‍ പിറക്കാന്‍ കാലതാമസമുണ്ടാകില്ല. പെണ്ണുങ്ങള്‍ സ്വയം കണ്ടെത്തിക്കൊള്ളണമെന്നില്ല. അവര്‍ക്കു നേരെ പ്രലോഭനങ്ങളുടെ ആവര്‍ത്തനം വീടിനകത്തു നിന്നോ അയല്‍പക്കത്തു നിന്നോ പാതയോരത്തു നിന്നോ ഒക്കെ വന്നുകൊണ്ടിരിക്കും. പ്രതിരോധത്തിനു സാധിക്കണമെങ്കില്‍ പെണ്ണിന് പെണ്‍കരുത്തിന്റെ ബോധ്യവും മാന്യതയുടെ പ്രേരണയുമുണ്ടായിരിക്കണം.

പിഴച്ചു പോകുന്ന പെണ്ണുങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനു വഴിയൊരുക്കുന്ന സാഹചര്യങ്ങള്‍ കൂടി പരിഗണനയില്‍ വരേണ്ടതുണ്ട്. വികസിച്ചു വരുന്ന ആശയവിനിമയ മാര്‍ഗങ്ങളും സോഷ്യല്‍ മീഡിയകളും അവസരങ്ങള്‍ എളുപ്പമാക്കുന്നു. സ്വതന്ത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പ്രവാസികളുടെ ഭാര്യമാര്‍. വാട്‌സ് ആപ്പ് പോലുള്ള ആപ്ലിക്കേഷനുകളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നതിന് ഈ സ്ത്രീകള്‍ പരിശീലിക്കുന്നത് ഭര്‍ത്താക്കന്‍മാരുടെ തന്നെ സഹായത്തോടെയാണ്. ഫേസ് ബുക്ക് അക്കൗണ്ട് തുറന്നു കൊടുത്ത് പുരോഗമന ഭാര്യയാക്കാനുള്ള താത്പര്യം സാധാരണക്കാരായ പ്രവാസികളില്‍ പോലുമുണ്ട്. തുറന്നു വെക്കുന്ന ഈ പ്രൊഫൈലുകള്‍ ഇര കൊളുത്തി വെള്ളത്തില്‍ എറിഞ്ഞു വെക്കുന്ന ചൂണ്ട പോലെയാണ്.

ദാമ്പത്യത്തില്‍ സൂക്ഷ്മവും സത്യസന്ധവുമായ ലൈംഗികത മുഖ്യമായി തന്നെ പരിഗണിക്കപ്പെടണം. പടിയിറങ്ങിപ്പോകുന്ന പെണ്ണുങ്ങള്‍ സൗകര്യങ്ങളും സാമൂഹിക വിലാസവും ഭര്‍ത്താവിന്റെ പരിചരണവും ഉപേക്ഷിക്കാന്‍ തയാറാകുമ്പോള്‍, അവയെ വെല്ലുന്ന ഒരു അനുഭവമാണ് ജീവിതം എന്ന തിരിച്ചറിവുണ്ടാകുന്നുവെന്നതല്ലേ ശരി? സൂക്ഷ്മ ലൈംഗികതയെയും ലൈംഗികതയിലെ സ്ത്രീപക്ഷത്തെയും മനസ്സിലാക്കാന്‍ കഴിയാത്ത പൊട്ടപ്പുരുഷന്‍മാര്‍ക്ക് സദാചാര പ്രസംഗങ്ങള്‍ കൊണ്ടു മാത്രം പെണ്ണുങ്ങളെ നിലക്കു നിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

സാമൂഹികവും സദാചാര ബദ്ധവുമായ ഒരു ജീവിത സംസ്‌കാരത്തിന്റെ ഉള്ളടക്കം ദാമ്പത്യത്തിലും കുടംബത്തിലും കൊണ്ടുവരുന്നതിന് സ്ത്രീകളില്‍ ഒരു സ്വയം ഒരുക്കം വേണ്ടതുണ്ട്. നടേ പറഞ്ഞ സംഭവങ്ങളെല്ലാം ആലോചനയില്ലാത്ത ഇറങ്ങിപ്പുറപ്പെടലില്‍ നാണംകെട്ട് തകര്‍ന്നു തരിപ്പണമായവയാണ്. പൂര്‍വജീവിതത്തിലേക്ക് സ്വന്തം കൂടുംബത്തിലേക്കു പോലും മടങ്ങാനാകാത്ത ദുരന്തങ്ങളിലായിരുന്നു അവയുടെ പര്യവസാനം.അപകടങ്ങളില്‍ വഴിയാധാരമായിപ്പോകുന്നവര്‍ തങ്ങളായിരിക്കുമെന്ന വീണ്ടുവിചാരം പെണ്ണുങ്ങള്‍ക്കുണ്ടാകണം. ഭദ്രമായ കുടുംബ ഉള്ളടക്കത്തില്‍ പുരുഷന്‍മാരുടെ ഇടപെടലും സൂക്ഷ്മമായിരിക്കണം. അത്തരം അന്തരീക്ഷങ്ങള്‍ക്കാകും വേലിചാട്ടത്തിന്റെ ചീഞ്ഞ നാറ്റം അകറ്റി നിര്‍ത്താന്‍ സാധിക്കുക. നീറിപ്പുകഞ്ഞു കഴിയുന്ന പ്രവാസി പുരുഷന്‍മാരുടെ മനസ്സകത്ത് സമാധാനമുണ്ടാക്കാനാകുക.

You may also like...

Leave a Reply

Your email address will not be published. Required fields are marked *