Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഒരിക്കൽ പോലും ഞാനവളുടെ മുഖത്ത്‌ നോക്കി മനസ്സറിഞ്ഞ്‌ ചിരിച്ചിട്ടില്ല, തമാശകൾ പറഞ്ഞിട്ടില്ല, അവളേയും കൂട്ടി എവിടേക്കും യാത്ര ചെയ്തിട്ടുമില്ല..

ഒരിക്കൽ പോലും ഞാനവളുടെ മുഖത്ത്‌ നോക്കി മനസ്സറിഞ്ഞ്‌ ചിരിച്ചിട്ടില്ല,
തമാശകൾ പറഞ്ഞിട്ടില്ല,
അവളേയും കൂട്ടി എവിടേക്കും യാത്ര ചെയ്തിട്ടുമില്ല..
ഉപ്പാന്റെ വാശിയിൽ തല വെച്ചു കൊടുത്തതാ ഞാനവൾക്കെന്നു എപ്പഴും ഞാൻ സുഹുർത്തുക്കളോട്‌ പറയും..
അങ്ങനെ നീ പറയല്ലെ ആ കുട്ടിയൊരു പാവമാ എന്നു പറഞ്ഞു തിരിത്തുമ്പോഴും എനിക്കവളെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല..
നന്നേ ചെറുപ്പത്തിൽ ഉമ്മ എന്നെ വിട്ട്‌ പോയത്‌ കൊണ്ടാകണം റബ്ബിനോട്‌ ഞാൻ പിണങ്ങിയത്‌..
ഉപ്പാനെ വേണ്ടാന്നും പറഞ്ഞു ഡൈവോർസ്സ്‌ ചെയ്യുമ്പോ ഉപ്പാന്റെ കയ്യിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതു കൊണ്ടു തന്നെ ഈ പെണ്ണുങ്ങളോട്‌ മനസ്സിലൽപം ദേഷ്യം തോന്നിയിരുന്നു..
എല്ലാവരും ഒരേ പോലെയാണെന്ന ചിന്തയും എന്നെ അവളിൽ നിന്നും അകറ്റി…
ഒരിക്കലവൾ പനിച്ചു വിറച്ചു കിടക്കുമ്പോ എന്നോട്‌ അൽപ സമയം അരികത്ത്‌ കിടക്കാമോ ഇക്കാ എന്നു ചോദിച്ചിരുന്നു…
തിരക്കാണെന്നും പറഞ്ഞു ഞാൻ പുറത്തേക്ക്‌ പോയതും അവൾ തേങ്ങിയതും ഞാനറിഞ്ഞു..
തിരികെ വന്നപ്പോഴേക്കും അവൾക്ക്‌ അസുഖം മൂർച്ചിച്ചു ഹോസ്പിറ്റലിലേക്ക്‌ കൊണ്ടു പോയി ..
ഡോക്റ്റർ പത്തു ദിവസത്തെ റസ്റ്റ്‌ വേണമെന്നു പറഞ്ഞപ്പോ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി…

ഉറക്കമൊഴിഞ്ഞൊരു രാത്രിയിലായിരുന്നു അവളുടെ മനസ്സ്‌ ഞാൻ തൊട്ടറിഞ്ഞത്‌…
അവളുടെ ഡയറിയിലെ ഒരു കുറിപ്പ്‌..
ആ കുറിപ്പ്‌ മാതമെന്നെ വല്ലാത്തൊരു ലോകത്തേക്ക്‌ കൊണ്ടു പോയി..
അവളുടെ കല്യാണ ദിവസത്തെ കുറിപ്പ്‌…
“ഇക്കാനെ മാത്രം തൊട്ടറിഞ്ഞ ആ ദിവസം ..”
പേജുകൾ മറിക്കും തോറും അവളുടെ സ്വപ്നങ്ങളുടെ കിസ്സകൾ നിറഞ്ഞ വാക്കുകൾ വന്നു തുടങ്ങി..
ഞാൻ വായിച്ചു തുടങ്ങി ആ ദിവസത്തെ പറ്റി:
ഒരുപാടൊന്നും ആഗ്രഹമില്ലാത്ത എന്റെ ജീവിതത്തിലേക്ക്‌ പ്രബഞ്ച നാഥൻ തന്ന കൂട്ട്‌..കാണാമറയ്ത്ത്‌ നിന്നുമെന്നെ കൊണ്ടു പോകാനായ്‌ വരുന്ന എന്റെ ഇക്ക…
അന്നു ഒരു വെള്ളിയാഴ്ച ആണെന്നു തോന്നുന്നു ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോ വീടാകെ കുടുംബക്കാരെ കൊണ്ട്‌ ബഹളം..
എല്ലാരും ഏതോ ഒരു പേരിങ്ങനെ പറയുന്നുണ്ട്‌,ഇക്കയുടെ ആണെനു എനിക്ക്‌ പിന്നെയാ മനസ്സിലായെ…
അറിയാത്ത ഭാവത്തിൽ ഞാൻ മിണ്ടാതെ നിന്നു ..
ഡിഗ്രി അവസാന വർഷം പഠിക്കിന്ന എനിക്ക്‌ അൽപം പക്വതയൊക്കെ വന്നെന്ന് വീട്ടാർ അറിയട്ടേന്ന് കരുതി ഒന്നും മിണ്ടാതെ മൂളി കൊടുത്തു..
“പുതിയാപ്ല നല്ല മൊഞ്ചുണ്ടല്ലോ ”
കുടുംബക്കാരുടെ സൊറ പറച്ചിലിൽ എനിക്ക്‌ നാണം വന്നപ്പോ കസിൻസൊക്കെ കളിയാക്കി..
ഞാൻ അകത്തേക്കോടി..
ഫോട്ടൊ അനിയൻ കൊണ്ടു വന്ന് തന്നു
“ഇത്താത്താ ഇന്നാ ഫോട്ടോ ഇക്കാക്കന്റെ ”
ഞാൻ അതു വാങ്ങി കണ്ണുകൾ തുറന്നു നോക്കി..
നല്ല കട്ടി മീശയുള്ളൊരാൾ,
എന്റെ കൂടെ ദുനിയാവ്‌ മുഴുവൻ കഴിച്ചു കൂട്ടേണ്ട എന്റെ പുരുഷൻ,അല്ല നമ്മള ഭാഷയിൽ പറഞ്ഞാൽ കെട്ട്യോൻ…
അങ്ങനെ എന്റെ കല്യാണ ദിവസമെത്തി..
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം..

ഉമ്മാന്റേം ഉപ്പാന്റേം കുടക്കീഴിൽ നിന്നിരുന്ന എന്നെ ഇക്ക സ്വന്തമാക്കാൻ പോവുകയാണു…
തലേന്നു കിടന്നപ്പോൾ തന്നെ ഒരുപാട്‌ വൈകിയിരുന്നു..
മൈ ലാഞ്ചി ഇട്ട കൈകൾ ഉണങ്ങാൻ വരെ കാത്തിരിന്നതായിരുന്നു…
ആകെയുള്ള അനിയന്റെ കൂടെയായൊരുന്നു കിടന്നത്‌..
അവനു വല്ലാത്ത വാശി..ഇത്തത്തന്റെ കൂടെ കിടക്കണമെന്നു പറഞ്ഞുകൊണ്ട്‌…
പാവം നാലാം ക്ലാസ്സുകാരന്റെ കുറുമ്പുകൾ ഇനി എപ്പഴാ എനിക്ക്‌ കണാൻ കഴിയാ..
കല്യാണം കഴിഞ്ഞു പോയാപിന്നെ ഞാൻ വിരുന്നുകാരിയായ്‌ മാറിയില്ലേ..
എനിക്ക്‌ സങ്കടം തോന്നി..
ഉമ്മ പെട്ടന്ന് കുളിച്ചൊരുങ്ങാൻ പറഞ്ഞു…
കുളിക്കുമ്പോൾ എനിക്ക്‌ സങ്കടം വന്നു… എന്റെ വീട്ടിൽ നിന്നുമുള്ള വിലപ്പെട്ട നിമിഷം..
ഷവറിലെ വെള്ളം മുഖത്തേക്ക്‌ വീഴുമ്പോൾ ഞാൻ അൽപം കരഞ്ഞു…വെള്ളത്തിലത്‌ അമർന്നടങ്ങി…
എന്നെ പുതിയപെണ്ണായ്‌ മാറ്റിക്കാൻ ഒരുപാടുപേരുണ്ട്‌..
മൂത്തമ്മയും ഫസീലത്തയും പിന്നെ എന്റെ എളമ്മയുടെ മക്കളും…
ഉപ്പാന്റെ വിയർപ്പിൽ പണിത കല്യാണ സാരിയും സ്വർണ്ണവും..
എന്നെ വിവാഹം കഴിക്കാൻ പോകുന്നയാൾക്ക്‌ സ്ത്രീധനം വേണ്ടാന്ന് പറഞ്ഞിരുന്നു .സ്നേഹമുള്ള മനുഷ്യൻ…യഥാർത്ത പുരുഷൻ..
എനിക്കൊരുപാട്‌ സ്നേഹം തോന്നി അയാളോട്‌..
എങ്കിലും
ഒരേയൊരു മകളായ എന്നെ പടിയിറക്കുമ്പോൾ എന്തെങ്കിലും വേണ്ടേ…
എനിക്കറിയാം ഉപ്പാന്റെ കഷ്ടപ്പാടൊക്കെ…
ഒരു സ്വർണ്ണ മോദിരം മാത്രം അണിഞ്ഞ്‌ കഴുത്തിൽ പോലും അണിയാതെ ഞാൻ കഴിഞ്ഞുകൂടിയുല്ലേ ഈ നാൾ വരേക്കും,
ആഗ്രഹമുണ്ടായിരുന്നിട്ടും ഞാൻ പറഞ്ഞില്ല എനിക്കെന്റെ ഉപ്പ ജീവനാ അതാ…

***********
ഡയറി പാതി നിർത്തി ഞാനൊന്നി ആലോചിച്ചു ,
അപ്പഴാ ആ പാവം മനുഷ്യനെ ഓർമ്മ വന്നത്‌..
നിക്കാഹ്‌ ചെയ്ത്‌ തരുമ്പോ എന്നെ നോക്കി കണ്ണു നിറച്ചിരുന്നു,
എപ്പഴും കാണുമ്പോൾ മോളപറ്റി വാ തോരാതെ ചോദിക്കുമായിരുന്നു,
ഞാനാണെങ്കിൽ എല്ലാമൊരു അലസതയോടെ സമീപിക്കുകയുമായിരുന്നു…
*****
വീണ്ടും അവളുടെ സ്വപ്ന ദിവസത്തിലേക്ക്‌ കണ്ണോടിച്ചു…
പുതിയപെണ്ണായ്‌ ഞാൻ മുറിക്ക്‌ പുറത്തേക്ക്‌..
സാധാരണ കാണാറുള്ള പരിചയക്കാർ എല്ലാം തന്നെ എന്റെ കൈക്കും കവിളിലും നുള്ളുന്നു,കുശലം പറയുന്നു…
ഉമ്മ നല്ല തിരക്കിലാ..
അനിയൻ ഫ്രെൻഡ്സിന്റെ കൂടെ എവിടെയോയുണ്ട്‌…
ഉപ്പാനെ കാണുമ്പോഴാ എനിക്ക്‌ സങ്കടം, ആ കാലുകൾക്ക്‌ ബലമില്ല, പൊരി വെയിലത്ത്‌ ആളുകളെ സ്വീകരിക്കുന്ന തിരക്കിലാ, ടവ്വൽ കൊണ്ട്‌ മുഖത്തെ വിയർപ്പ്‌ ‌തുടയ്ക്കുന്നുണ്ട്‌ ,
ആ വിയർപ്പ്‌ എന്റെ കഴുത്തിലും കൈകളിലുമായ്‌ തിളങ്ങി നിൽക്കുന്നു…
മനസ്സിന്റെ പാകപ്പെടുത്തി…
ധൈര്യം സംഭരിച്ചു എല്ലാവർക്കും ഒരു കാഴ്ച വസ്തുപോലെ ഇരുന്നു…
“പുത്യാപ്ല എത്തീട്ടോ..”
അതേ ഇക്ക എത്തി
ആരുടേയോ ഉറക്കെയു ശബ്ദം…
എന്റെ നെഞ്ചിടിപ്പ്‌ കൂടി..എന്റെ ഇക്ക വന്നു…ആരൊക്കെയോ എന്റെ ചെവിയിൽ എന്തൊക്കെയോ കുശലം പറയുന്നു..
തന്റെ മാരന്റെ വേണ്ടപ്പെട്ട കുറച്ചു സ്ത്രീകൾ എന്റെയരികിലേക്ക്‌ വരുന്നു…
എന്നോട്‌ സംസാരിക്കുന്നു…
ഉമ്മ അവർക്ക്‌ കുടിക്കാൻ വെള്ളവുമായ്‌ വന്നിരിക്കുന്നു..
ഞാൻ
ഉമ്മയുടെ മുഖത്തേക്ക്‌ നോക്കി..

എനിക്ക്‌ കരച്ചിൽ വന്നു…ഞാൻ പോവല്ലേ.. വേണ്ടാന്ന് പറയാൻ പറ്റില്ലല്ലോ…
എന്റെ ഭർത്താവിന്റെയും എന്റേം കൂടെ ഫോട്ടോയെടുക്കാൻ ആളുകളുടെ തിരക്ക്‌…
ഉപ്പയും ഉമ്മയും പൊന്നനുജനും വന്നു നിന്നു..
ഞാന്റെ അനിയനെ എന്നോട്‌ ചേർത്തു പിടിച്ചു നിർത്തി…ഉപ്പാന്റെ മുഖത്തേക്ക്‌ നോക്കാൻ ശക്തിയില്ലാണ്ടായി..
ഒടുവിൽ ഞാനിറങ്ങി..
എല്ലാം എനിക്കാകെ അറിയുന്ന ഇക്കായുടെ ബലത്തിൽ മാത്രം,
മറ്റാരേയും എനിക്ക്‌ പരിചയമേ ഇല്ലാ,
സലാം പറയാൻ വേണ്ടി തിരിഞ്ഞതും ഉമ്മ തവ്വൽ കൊണ്ട്‌ മുഖം പൊത്തി വിതുമ്പാൻ തുടങ്ങി…
എനിക്കും സങ്കടം വന്നു..
ഉമ്മയെ കെട്ടിപ്പിടിച്ച്‌ സലാം പറഞ്ഞു ഞാൻ കുതറി നീങ്ങി..ഇനിയും നിന്നാൽ ഞാൻ ചിലപ്പോൾ സകല നിയന്ത്രണവും തെറ്റിയവൾ ആയിമാറും…
ഉപ്പയെ മുഖമുയർത്തി നോക്കാൻ കഴിഞ്ഞില്ല…
എന്റെ സ്വർഗ്ഗമാ നീയെന്ന് എപ്പഴും പറയുന്ന ഉപ്പയാ ഇത്‌..
ഇത്രനാൾ വളർത്തിയത്‌ ഇങ്ങനൊരു ചങ്കു പറയുന്ന നിമിഷത്തിനു വേണ്ടിയായിരുന്നോ റബ്ബേ..
ഇനിയെല്ലാം എനിക്കെന്റെ മാരൻ മാത്രമാൺ.
ഉപ്പ കരയുന്നില്ല,
എന്നെ നോക്കി പുഞ്ചിരിക്കുന്നു..പക്ഷെ ഞാൻ കെട്ടിപിടിച്ച്‌ കുറേ കരഞ്ഞു..
അനിയൻ ഇതുകണ്ട്‌ എന്നോട്‌ പിണങ്ങിയപോലെ നിൽക്കുന്നു…
ഉപ്പ
എന്നോട്‌ ബിസ്മി ചൊല്ലി ഇറങ്ങാൻ പറഞ്ഞു…
ആ കുറചു ദിവസത്തെ പരിചയമുള്ള ആളുടെ കൈകളിൽ എന്നെ ഏൽപ്പിച്ചു…
പുഞ്ചിരിയോടെ അപ്പുറത്തേക്ക്‌ നീങ്ങി…ഞാൻ ഏന്തിയേന്തി നോക്കി ഉപ്പകണ്ണിൽ നിന്നും മറഞ്ഞപോലെ..ആൾക്കാരുടെ തിരക്ക്കൂടി കാറിലേക്ക്‌ കയറും നേരം…ബയങ്കര ഒച്ചയും ബഹളവും …
കാറിൽ ഇരുന്നപ്പോൾ ഉപ്പ വന്നിരിക്കുന്നു…
മുഖം കഴുകിയിട്ടുണ്ട്‌…എനിക്കുറപ്പാ ഉപ്പ കരഞ്ഞിട്ടുണ്ടാകും..
ഉമ്മാന്റെ മുഖം കണ്ണുകൾ നിറച്ചുകൊണ്ട്‌ തന്നെ…
പെട്ടന്ന് ഓടിവന്നൊരു ഉമ്മ തന്നു അനിയൻ സലാം പറഞ്ഞു..
“ഇത്താത്താ അസ്സലാമു അലയ്ക്കും.,”
അതുവരെ കരയാതിരുന്ന ഞാൻ അവനെ തുരുതുരെ ഉമ്മ വെച്ചു..

“ഇത്താ പോയി വരാടാ ”
അതും പറഞ്ഞു ഞാനവന്റെ കവിളിൽ നുള്ളി..അവൻ പുഞ്ചിരിച്ച്‌ കൊണ്ടെന്നെ നോക്കി കണ്ണുകൾ നിറച്ചു..
പിന്നെ ഞാൻ നോക്കിയ മുഖം എന്റെയരികിലുള്ള എന്റെ ഇക്കയുടെ കണ്ണുകളിലേക്കായിരുന്നു..
എല്ലാം കണ്ടു സാക്ഷിയായ്‌ ഇക്കയുടെ കൂടെ വിഷ്വാസത്തോടെ ഞാൻ ഇറങ്ങുകയാണു..
ഞാൻ വിഷ്വസിച്ചോട്ടെ ഇക്ക നിങ്ങളെ, എനിക്കീ കൈകളേ പരിചയമുള്ളൂ, സ്നേഹത്തോടെ ഞാൻ ഇക്കയെ നോക്കി….
മനസ്സ്‌ കൊണ്ട്‌ വല്ലാണ്ട്‌ ആഗ്രഹിച്ചതിനാലാവണം പടച്ച റബ്ബ്‌ അങ്ങനെ ചെയ്യിച്ചത്‌..
എന്റെ കൈകൾ ഇക്ക മുറുകെ പിടിച്ചു എന്റെ കണ്ണുകളിലേക്ക്‌ നോക്കി,
എന്റെ കണ്ണുകളിൽ നിന്നും ഊർന്നു വീണ കണ്ണു നീരിനെ എന്റെ ഇക്ക തുടച്ചിട്ടു പറഞ്ഞു:
“ചേർത്ത്‌ പിടിക്കെടീ നീയെന്റെ കൈകൾ ,ഞാനില്ലെ നിനക്ക്‌..”
ഖൽബ്‌ പിടഞ്ഞ നിമിഷത്തിൽ എന്നിലേക്കെത്തിയ സ്നേഹ സ്പർശ്ശം..
അൽ ഹംദു ലില്ലഹ്‌…
പതിയെ കാർ മുന്നോട്ടു നീങ്ങി..
പ്രിയപ്പെട്ടവർ കണ്ണുകളിൽ നിന്നും പറഞ്ഞു..
പുതു പെണ്ണിന്റെ മൊഞ്ചുമായ്‌ എന്റെ പ്രിയപ്പെട്ടവന്റെ കൈകളുടെ സ്നേഹം കൊണ്ട്‌ മാത്രം ,
ആകെയുള്ള ആ പരിചയമുള്ള കരങ്ങളുടെ വിശ്വാസത്താൽ മാത്രം മുറുകെ പിടിച്ചു കൊണ്ട്‌ അപരിചിതരായ ഒരു പറ്റം ജന സാഗരത്തിലേക്ക്‌ ഞാൻ യാത്രയായി ..
*******
ഒരു പൂമ്പാറ്റയെപോലെ പാറി നടന്നിരുന്ന അവളുടെ ജീവിതത്തിലെ ഏറ്റവും നിറമാർന്ന നിമിഷം എഴുതി തീർന്നത്‌ വായിച്ച ശേഷം അടുത്ത പേജുകളിൽ കയ്യക്ഷരത്തിനു മാറ്റു കുറഞ്ഞു കുറഞ്ഞു വരുന്ന പോലെ തോന്നി എനിക്ക്‌…
ഇടക്കിടക്ക്‌ എഴുതിയത്‌ വെട്ടിയിരിക്കുന്നു.
പേജ്‌ പാതിയായി നിർത്തി അടുത്തതിലേക്ക്‌ പോയിരിക്കുന്നു,അതിനിടക്ക്‌ ഒരേ ഒരു വാക്ക് എഴുതിയിരിക്കുന്നു
വായിച്ചു തീർന്ന ശേഷം അടുത്ത പേജിലേക്ക്‌ നീങ്ങിയപ്പോൾ ഒരേ ഒരു വാക്ക്‌ മാത്രം..
“പക്ഷെ ”
വീടു വിട്ടിറങ്ങിയ എനിക്കെന്റെ ഉപ്പയും അനുജനുമെല്ലാം ഇക്കയായിരുന്നു,
അല്ല ഞാനങ്ങനെ ആഗ്രഹിച്ചു പോയി പക്ഷെ എന്തോ എന്നോടെപ്പോഴും ദേഷ്യപ്പെടുന്ന ഇക്കാന്റെ മനസ്സിൽ ഞാനെന്ത്‌ വേദനയാ തന്നതെന്നെനിക്കറിയില്ല,
മണി മാളികയിൽ പൂമെത്ത വിരിച്ചു കിടക്കാനോ സ്വർണ്ണത്തിൽ പൊലിപ്പിക്കാനോ അങ്ങനെയൊരു ജീവിതം ഞാൻ ആഗ്രഹിചിട്ടില്ല് ഇക്കാ ഇതുവരെ,
ആഗ്രഹിക്കുകയുമില്ല..
ആഗ്രഹിച്ചതത്രയും നിങ്ങളുടെ കരുതലും സ്നേഹവും മാത്രമാ…നിങ്ങൾക്ക്‌ നൽകാനെന്റെ അടുത്ത്‌ കാത്തു സൂക്ഷിച്ചു ആർക്കും പങ്കു വെക്കാത്തൊരു മനസ്സും ശരീരവും മാത്രമെ ഉള്ളൂ..”
അതെ അവളുടെ മനസ്സ്‌ ഞാൻ അറിഞ്ഞു,
അവളെന്നെ വിഷ്വസിച്ചു വന്നിട്ടും ഞാനെന്തേ ഇങ്ങനെയായെ…
എന്നെ അന്നേരം അവളുടെ കൈകൾ ചേർത്ത്‌ പിടിക്കാനും “കരയണ്ട ഞാനുണ്ടെന്നു കാറിൽ വെച്ചുപറയാൻ പ്രേരിപ്പിച്ചതും എന്തായിരുന്നു..
ചോദ്യങ്ങൾ ഉയർന്നു തുടങ്ങി..
ഷെൽഫിൽ മുഴുവൻ പേപ്പറുജളിൽ അവൾ പലതും എഴുതി വെച്ചിരിക്കുന്നു…
അവളോട്‌ പിണങ്ങിയ ദിവസം..
മിണ്ടാതിരുന്ന ദിവസം..

അവളെ ഞാൻ ഒരു കാര്യവുമില്ലാതെ തല്ലിയ ദിവസം..
ഒപ്പം യാത്ര ചെയ്യണമെന്നു എങ്ങനെ പറയണമെനും ഞാനെങ്ങനെ പ്രതികരിക്കുമെന്നും ഭയന്ന നിമിഷം…
സുഖമില്ലാതെ വിറച്ചു വിറച്ചു കിടന്ന ദിവസം അരികത്ത്‌ ഉണ്ടാവണമെന്നു വല്ലാണ്ട്‌ ആഗ്രഹിച്ച ദിവസം ..
രുചിയേറിയ ഭക്ഷണം അവളുടെ സ്പെഷ്യൽ ആയത്‌ ഒരുക്കി വെച്ചു കാത്തിരുന്നു ഉറക്കമൊഴിച്ച ദിവസം..
ശെരിയാ അവളുടെ സുഹുർത്തുക്കൾ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞിരുന്നു
സജ്നക്കെന്താ പറ്റിയത്‌ അവളിങ്ങനെ അല്ലായിരുന്നല്ലോ, നന്നായി സംസാരിക്കുമായിരുന്നു എല്ലാം ഇപ്പൊ ആരോടും മിണ്ടാതെ ഒന്നു ഫോൺ പോലും വിളിക്കാതെ ആയല്ലോ ”
എന്നൊക്കെ..
ഉത്തരമൊന്നും പറയാതെ ഞാനന്ന് മൈന്റ്‌ ആക്കാതെ പോയിരുന്നു..
പക്ഷെ കാരണം ഇപ്പോഴാ മനസ്സിലായത്‌ എനിക്ക്‌.
അവളെ ഇല്ലാണ്ടാക്കിയത്‌ ഞാന ഞാൻ മാത്രം,
അവളുടെ സന്തോഷം കെടുത്തിയത്‌ ഞാനാ ഞാൻ മാത്രം..
എല്ലാമെല്ലാം വായിച്ചു തീർന്നപ്പോഴേക്കും അവളെ കാണാൻ വല്ലാണ്ട്‌ എനിക്കാഗ്രഹം വന്നു…
ഞാൻ വണ്ടിയെടുത്തു അവളുടെ വീട്ടിലെത്തി..
പ്രതീക്ഷിക്കാതെ വന്ന എന്നെ അവളുടെ ഉപ്പയും ഉമ്മയും നോക്കി അമ്പരന്നു…
കല്യാണം കഴിഞ്ഞ്‌ ഒരു വർഷമായിട്ടും ഒന്നോ രണ്ടോ തവണ വന്നു പോയ ഞാനാ അവിടെയെത്തിയെ..
അവൾ നല്ല ഉറക്കത്തിലാ..
ഞാൻ പതിയെ അരികത്തെത്തി അവളുടെ അരികത്തിരുന്നു..
പുതപ്പ്‌ മാറ്റി ഞാൻ നെറ്റിയിൽ തൊട്ടു കൊണ്ട്‌ അവളെ വിളിച്ചു..
“സജ്ന..”
ഞെട്ടി ഉണർന്ന അവളെന്നെ കണ്ടതും അൽഭുതത്തോടെ നോക്കി..
എന്റെ കയ്യിലെ അവളുടെ ഡയറി കണ്ടതും അവൾ കരയാൻ തുടങ്ങി ..
കൊച്ചു കുട്ടിയെ പോലെ എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞപ്പോ എന്തോ അന്നാദ്യമായ്‌ അവളോടെനിക്ക്‌ വല്ലാത്ത സ്നേഹം തോന്നി..
എന്റെ കണ്ണും നിറഞ്ഞു..

“ക്ഷേമിച്ചേക്കെടീ..”
എന്നും പറഞ്ഞ്‌ ഞാനൊരുമുത്തം കൊടുത്തു മനസ്സ്‌ അറിഞ്ഞു കൊണ്ട്‌ .
എത്രയേറെ സ്വപ്നങ്ങളുമായാ ഒരുവൾ ജീവിതത്തിലേക്ക്‌ വരുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക്‌ പറ്റിയില്ല..
സമയമെടുത്തു..
എന്നിലെ പുരുഷൻ അവൾക്ക്‌ മുന്നിൽ ഗൗരവക്കാരനായി ബഹുമാനം പിടിച്ചു വാങ്ങാനും മറ്റും ശ്രെമിക്കാൻ തുടങ്ങിയപ്പോ എനിക്ക്‌ നഷ്ടപ്പെട്ടത്‌ നിറമാർന്ന നിമിഷങ്ങളായിരുന്നു എന്നെനിക്കിപ്പോ മനസ്സിലായി..
ഇനി ഒന്നിൽ നിന്നും തുടങ്ങണം..
അവളെ സ്നേഹിക്കാനും അവൾക്ക്‌ സ്നേഹിക്കാനും ഞാനല്ലാതെ മറ്റാരാ ഉള്ളത്‌…
പ്രേമിക്കാനും ശാസിക്കാനും സങ്കടം പറയാനും സന്തോഷം പങ്കു വെയ്ക്കാനും ഭാര്യയല്ലാതെ മറ്റാരുമില്ല…
എന്നെ വിശ്വസിച്ചിറങ്ങിയ ആ നാളുകൾ അവൾക്ക്‌ പാഴാകാതിരിക്കാൻ ഇനി ഞാൻ ശ്രെമിക്കാം…
***************
ഉമ്മയല്ല ഭാര്യ..
ഭാര്യയല്ല ഉമ്മ..
പക്ഷെ സ്വന്തം ഉമ്മാക്ക്‌ ഭാര്യയാവാൻ പറ്റില്ല മറിച്ച്‌ ഭാര്യക്കൊരു ഉമ്മയാവാൻ പറ്റും..
ഒരാളിൽ വേദന വന്നു എങ്കിൽ അവർ മൊത്തത്തിൽ അങ്ങനെ ആണെന്ന ധാരണ ബാലിഷമായേ കാണാൻ പറ്റൂ..
അത്‌ പുരുഷ വിദ്ധ്വേഷമായാലും
സ്ത്രീ വിദ്ധ്വേഷമായാലും…
കാരണം
ജീവിതത്തെ നിറം പിടിപ്പിക്കാൻ സ്നേഹത്തിനേ കഴിയൂ..❤️💙
അതിനടുത്തറിയണം ആഴത്തിൽ എത്താൻ പറ്റണം.
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ

You may also like...

Leave a Reply

Your email address will not be published. Required fields are marked *